Powered By Blogger

Monday, June 27, 2011

എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ ഇല്ലാതാകണമെന്ന്‌ ആഗ്രഹിക്കുന്നത്‌ ആര്‌?

തിരുവിതാംകൂറില്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലം മുതല്‍ വിദ്യാഭ്യാസവകുപ്പ്‌ എന്നും ഗവണ്‍മെന്റിന്‌ തലവേദനയായിരുന്നു. ഇന്നും അതു തുടരുന്നു. ഇന്ന്‌ തിരിഞ്ഞുനിന്ന്‌ ആലോചിക്കുമ്പോള്‍ സര്‍ സി.പി രാമസ്വാസമി അയ്യരുടെ വിദ്യാഭ്യാസനയം വളരെയധികം പുരോഗമനപരമായിരുന്നു. പ്രൈമറി വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ ചുമതലയാണ്‌ എന്ന ആദര്‍ശനിഷ്‌ഠമായ ഒരു നിലപാടാണ്‌ ഈ വിദ്യാഭ്യാസ നയത്തിലുണ്ടായിരുന്നത്‌. ഇന്ത്യന്‍ ഭരണഘടന പിന്നീട്‌ ഇത്‌ അംഗീകരിക്കുകയുണ്ടായി എന്നോര്‍ക്കുക.
വിദ്യാഭ്യാസം ലഭിക്കുക എന്നത്‌ പൗരന്റെ അവകാശമാണെന്ന്‌ ഇന്ന്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരള ഗവണ്‍മെന്റിന്റെ ബഡ്‌ജറ്റില്‍ ഒരു നല്ല ഭാഗം ഇന്ന്‌ വിദ്യാഭ്യാസത്തിനായി മാറ്റിവച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു നയമില്ലാത്തതുമൂലം ഓരോ ഗവണ്‍മെന്റിനും തലവേദന ഉണ്ടാക്കിക്കൊണ്ട്‌ വിദ്യാഭ്യാസരംഗം ആര്‍ക്കും പരിഹരിക്കാനാകാത്ത പ്രശ്‌നമേഖലയായി നിലനില്‍ക്കുന്നു. വമ്പിച്ച ധനം വിദ്യാഭ്യാസ മേഖലയ്‌ക്കായി ഗവണ്‍മെന്റ്‌ ചിലവിടുമ്പോള്‍ ഭീമമായ തുകയാണ്‌ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളും കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത്‌ മൂലധനമായി ഇറക്കിയിട്ടുള്ളത്‌.
ആദ്യ കാലങ്ങളില്‍ വിദ്യാഭ്യാസഗംരം ഒരു സേവനരംഗമായിട്ടാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌. വിദേശ മിഷനറിമാര്‍ അവരുടെ മൂലധനം ഇറക്കി അന്ന്‌ നിരക്ഷരരായ ജനവിഭാഗത്തെ സാക്ഷരരാക്കാന്‍ പരിശ്രമിച്ചു. തുടര്‍ന്ന്‌ പ്രജകള്‍ക്ക്‌ വിദ്യാഭ്യാസ സൗകര്യം ഉണ്ടാക്കുക എന്നത്‌ രാജാവിന്റെ കടമയാണ്‌ എന്ന കാഴ്‌ചപ്പാടോടുകൂടി മഹാരാജാക്കന്മാര്‍ തിരുവിതാംകൂറില്‍ എമ്പാടും പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിച്ചു. ഓരോ പ്രദേശത്തെയും സമ്പന്മാര്‍ സ്ഥലവും കെട്ടിടവും പണുത്‌ ഗവണ്‍മെന്റിനെ ഏല്‌പിച്ചാല്‍ ഗവമെന്റിന്റെ ചിലവില്‍ അധ്യാപകരെ നിയമിച്ചു വിദ്യാദാനം നല്‍കുമെന്ന നയം തിരുവിതാംകൂര്‍ ഗവമെന്റ്‌ പ്രഖ്യാപിച്ചു. അങ്ങനെ അനേകം പ്രൈമറി സ്‌കൂളുകള്‍ തിരുവിതാംകൂറില്‍ ആരംഭിച്ചു.
സ്വകാര്യ മാനേജ്‌മെന്റുകളാണ്‌ തിരുവിതാംകൂറിലെ വിദ്യാഭ്യാസപരമായ മുന്നോക്കത്തിന്‌ കാരണമായത്‌ എന്ന അവകാശവാദം ഇന്ന്‌ പലരും ഉയന്നിക്കാറുണ്ടെങ്കിലും ചരിത്രപരമായി അതു ശരിയല്ല. വിദ്യാഭ്യാസ വികസനത്തിന്‌ മുന്‍കൈ എടുത്തത്‌ രാജാക്കന്മാരായിരുന്നു. പിന്നീട്‌ വിദ്യാഭ്യാസരംഗത്ത്‌ സേവന ലക്ഷ്യത്തോടുകൂടി മൂലധനമിറക്കാന്‍ തയ്യാറാകുവര്‍ക്ക്‌ അധ്യാപകശമ്പളത്തിന്റെ ഒരു ഭാഗം ഗ്രാന്റ്‌ ആയി നല്‍കിവിദ്യാഭ്യാസരംത്തെ ഗവണ്‍മെന്റ്‌ പ്രോത്സാഹിപ്പിച്ചു.
പക്ഷേ കാണക്കാണെ വിദ്യാഭ്യാസരംഗം ഒരു വ്യവസായമായി മാറി. പരസ്‌പരം മത്സരിച്ച്‌ വിദ്യാഭ്യാസരംഗത്തെ കൈപ്പിടിയിലൊതുക്കാന്‍ മതജാതി സംഘടനകള്‍ മുമ്പോട്ടു വന്നു. കൂടുതല്‍ മൂലധനമിറക്കാന്‍ കഴിവുള്ള സമുദായങ്ങള്‍ ഈ രംഗം ഇന്ന്‌ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്‌. സേവനം എന്ന കാഴ്‌ചപ്പാട്‌ പൂര്‍ണമായുംതന്നെ വിദ്യാഭ്യാസരംഗത്തുനിന്നും അപ്രത്യക്ഷമായി. സുപ്രീംകോടതിതന്നെ കുറച്ചുകാലംമുമ്പ്‌ പറയുകയുണ്ടായി വിദ്യാഭ്യാസം ഒരു വ്യവസായമാണെന്ന്‌.
വിദ്യാഭ്യാസ വ്യവസായം മറ്റു വ്യവസായങ്ങളില്‍നിന്നും വ്യത്യസ്‌തമാണ്‌. മുതലാളിത്ത വ്യവസ്ഥയിലെ ഒരു അതിപ്രധാനമായ ചാലകശക്തി മത്സരമാണല്ലോ. മാര്‍ക്കറ്റ്‌ പിടിക്കുക എതാണ്‌ മുതലാളിമാരുടെ വിജയം. മാര്‍ക്കറ്റു പിടിക്കുന്നതിനു ക്രോഡീകരിക്കുന്ന തന്ത്രങ്ങളിലൂടെയാണ്‌ വ്യവസായരംഗത്ത്‌ വിജയം ഉണ്ടാകുക. ഇന്ന്‌ വിദ്യാഭ്യാസരംഗം ഇത്തരം കിടമത്സരങ്ങളുടെ വേദിയായിത്തീര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസരംഗം ഒരു അതിര്‍ത്തിയോളം ജാതിമത സംഘടനകളുടെ കയ്യിലമര്‍ന്നിരിക്കയാല്‍ ഗവമെന്റുകളെ വോട്ടുബാങ്ക്‌ കാണിച്ച്‌ ഭീഷണിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ഈ സംഘടനകള്‍ക്ക്‌ ധാരാളം ഉണ്ട്‌. വിദ്യാഭ്യാസരംഗത്തെ ഈ മൂലധന തന്ത്രത്തിന്റെ പരുക്ക്‌ ആദ്യമായി ബാധിച്ചത്‌ ഇവിടുത്തെ ഗവണ്‍മെന്റ്‌ വിദ്യാലയങ്ങളെയായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ സ്വകാര്യ വിദ്യാലയങ്ങള്‍ അനുവദിച്ചതിന്റെ ഫലമായി ഗവമെന്റ്‌ സ്‌കൂളുകള്‍ ഓരോന്നായി അടച്ചുപൂട്ടേണ്ടിവന്നു.
എന്റെ ചെറുപ്പത്തില്‍ ഇടമറ്റം ഗ്രാമത്തില്‍ മൂന്ന്‌ ഗവമെന്റ്‌ പ്രൈമറി സ്‌കൂളുകള്‍ ഉണ്ടായിരുന്നു. എന്റെ പിതാവും ഞാനും എന്റെ മക്കളും പഠിച്ചത്‌ ഗവണ്‍മെന്റ്‌ പ്രൈമറി സ്‌കൂളിലായിരുന്നു. ഒരു മൈലകലെ ഭരണങ്ങാനത്ത്‌ അക്കാലഘട്ടത്തില്‍തന്നെ ഒരു ഗവണ്‍മെന്റ്‌ സ്‌കൂളുണ്ടായിരുന്നു. ഭരണങ്ങാനത്തെ കൊച്ചുപള്ളിയുടെ സമീപത്തായിരുന്നു ഗവണ്‍മെന്റ്‌ വക സ്ഥലത്ത്‌ പ്രൈമറി സ്‌കൂള്‍ നടത്തിയിരുന്നത്‌. ഈ സ്‌കൂളില്‍ നിന്നും ഒരു നാനൂറു മീറ്റര്‍ അകലത്തില്‍ ഒരു സ്വകാര്യസ്‌കൂള്‍ അനുവദിച്ചതോടെ ഈ സ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വന്നു. ആ സ്ഥലം കോണ്‍വെന്റിനും ഗവണ്‍മെന്റു നല്‍കി. അതുപോലെതന്നെ ഇടമറ്റത്ത്‌ ഗവമെന്റ്‌ സ്ഥലത്ത്‌ സ്ഥാപിച്ചിരുന്ന മീനച്ചില്‍ ഗവണ്‍മെന്റ്‌ എല്‍. പി. സ്‌കൂളിന്‌ നൂറു വാര അടുത്ത്‌ ഒരു പ്രൈമറി സ്‌കൂള്‍ അനുവദിച്ചതോടുകൂടി ഗവമെന്റ്‌ സ്‌കൂള്‍ അടച്ചുപൂട്ടി സ്ഥലം ഇടമറ്റം പള്ളിക്ക്‌ പതിച്ചുകൊടുത്തു. ഇടമറ്റത്തുതന്നെ രണ്ടു സ്വകാര്യ സ്‌കൂളുകള്‍ ഗവമെന്റ്‌അനുവദിച്ചു. എന്‍.എസ്‌.എസിന്‌ ഒരു പ്രൈമറിസ്‌കൂള്‍ മറ്റൊരു സ്വകാര്യവ്യക്തിക്ക്‌ ഒരു സ്‌കൂള്‍. ഈ മത്സരത്തിനിടയില്‍ ഗവണ്മെന്റ്‌ സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട്‌ എന്‍.എസ്‌.എസ്‌. പ്രൈമറി സ്‌കൂളും അടച്ചുപൂട്ടി. യാതൊരു പ്ലാനിംഗുമില്ലാതെ ഇന്നു ഭരണങ്ങാനത്തും അടുത്ത പ്രദേശങ്ങളിലും സ്വകാര്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി ഭരണങ്ങാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്‌.
മതജാതി സംഘടനകളാണ്‌ ഒരുകാലത്ത്‌ വിദ്യാഭ്യാസരംഗത്തെ ഭരിച്ചിരുതെങ്കില്‍ ഇന്ന്‌ വ്യക്തികള്‍ ഈ രംഗത്ത്‌ പണംമുടക്കാന്‍ ആരംഭിച്ചിരിക്കുന്നു. എ.കെ.ആന്റണിയുടെ കാലത്ത്‌ അപേക്ഷിച്ച എഞ്ചിനീയറിംഗ്‌ - മെഡിക്കല്‍ കോളേജുകള്‍ക്കും യാതൊരു വ്യവസ്ഥയുമില്ലാതെ എന്‍.ഒ.സി.കൊടുത്തതാണ്‌ നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ തകര്‍ത്തത്‌. അതുപോലെതന്നെ ഇന്ന്‌ സ്വാശ്രയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ യാതൊരു നിബന്ധനയ്‌ക്കും വിധേയമാകാതെ അനുവദിച്ചുകൊടുത്തു കഴിഞ്ഞു. ഇതിന്റെ ഫലമായി അനതിവിദൂരമായ ഭാവിയില്‍ പല എയ്‌ഡഡ്‌ സ്‌കൂളുകളും സ്വയം മരിക്കും. ഇത്‌ മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആഹ്ലാദകരമാണ്‌.
ഇന്ന്‌ പാലായിലും പരിസരപ്രദേശത്തും അനേകം ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി പാലായിലെ സെന്റ്‌ തോമസ്‌ സ്‌കൂള്‍ അടയ്‌ക്കേണ്ടിവന്നാല്‍ അത്‌ മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വമ്പിച്ച നേട്ടമായിരിക്കും. ഭരണങ്ങാനത്ത്‌ പുതിയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ വന്നതിന്റെ ഫലമായി പുരാതനമായ സെന്റ്‌മേരീസ്‌ ബോയ്‌സ്‌ സ്‌കൂള്‍ അടച്ചിടേണ്ടിവാലും അത്‌ മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും. കാരണം മൂന്നര ഏക്കറോളം സ്ഥലം അവര്‍ക്ക്‌ സ്വതന്ത്രമായി കിട്ടും.
ബോംബെയിലെ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു. ബോംബെയുടെ പാര്‍ശ്വ പ്രദേശത്ത്‌ ഒരു വലിയ ഫാക്‌ടറി ഉണ്ടായിരുന്നു. നൂറുകണക്കിന്‌ തൊഴിലാളികള്‍ അവിടെ ജോലി ചെയ്‌തിരുന്നു. ഫാക്‌ടറി സ്ഥാപിക്കുന്നതിന്‌ സ്ഥലം സൗജന്യമായി ഗവണ്‍മെന്റ്‌ നല്‍കിയതാണ്‌. ആദായത്തില്‍ നടന്നിരുന്ന ഈ ഫാക്‌ടറി ഒരു വന്‍കിട മുതലാളി വലിയ വിലകൊടുത്ത്‌ വാങ്ങി. പിറ്റേദിവസംമുതല്‍ ഫാക്‌ടറിയില്‍ സമരവും ആരംഭിച്ചു. ഈ സമരത്തിന്റെ പിന്നില്‍ ഫാക്‌ടറി ഉടമതന്നെയാണ്‌ ഉണ്ടായിരുന്നതുപോലും! അവസാനം തൊഴിലാളി സമരംമൂലം ഫാക്‌ടറി അടച്ചുപൂട്ടേണ്ടി വന്നു. എല്ലാ തൊഴിലാളികള്‍ക്കും പിരിഞ്ഞുപോകുതിനുള്ള തുക വിശാലമനസ്സോടെ ഫാക്‌ടറി ഉടമ കൊടുത്തു. ഇന്ന്‌ ഈ സ്ഥലത്ത്‌ പത്തും ഇരുപതും നിലയുള്ള ഫ്‌ളാറ്റുകള്‍ പണുതു കഴിഞ്ഞു.
കാലം മാറുതനുസരിച്ച്‌ മൂലധന നിക്ഷേപവും മാറിക്കൊണ്ടിരിക്കും. വിദ്യാഭ്യാസരംഗത്തും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതുതന്നെയാണ്‌. ഇന്ന്‌ പല ഗവണ്‍മെന്റ്‌ എയ്‌ഡഡ്‌ കോളേജുകളിലും സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിച്ചുകഴിഞ്ഞു. സ്വകാര്യ എയ്‌ഡഡ്‌ കോളേജുകള്‍ ഇല്ലാതാകണമെന്നാണ്‌ ഇന്ന്‌ മാനേജ്‌മെന്റുകളുടെ ആഗ്രഹം. ഇക്കാര്യത്തില്‍ ഗവമെന്റിന്റെ നിലപാടും വിദ്യാഭ്യാസ മുതലാളിമാരോടൊപ്പമാണെന്നു തോന്നുന്നു.
ജോസഫ്‌ പുലിക്കുന്നേല്‍

No comments:

Post a Comment