സായാഹ്ന വെയില്‍
ചീമേനി ടൗണില്‍ പെട്ടിക്കട നടത്തുന്ന കുഞ്ഞിക്കണ്ണേട്ടന്റെ ചായയും കഞ്ഞിയും കുടിക്കാത്തവരില്ല. പക്ഷേ, കുഞ്ഞിക്കണ്ണന്റെ ജീവന് വെച്ചുവിളമ്പുന്ന കഞ്ഞിപോലെ കണ്ണീരിന്റെ ഉപ്പാണ്.
നാലുമക്കളില്‍ അവിവാഹിതയായ മൂത്ത മകള്‍ മിനി 2010 മെയ് 5ന് സ്തനാര്‍ബുദം വന്ന് മരിച്ചു. മകള്‍ മരിച്ച വേദനയില്‍ കഴിയവേ, ഒരുമാസം മുന്‍പ് ഭാര്യയെയും മൂത്രാശയ കാന്‍സര്‍ കീഴ്‌പ്പെടുത്തി. വീടും പറമ്പും ഉള്ളതുമുഴുവനും വിറ്റ് ചികിത്സിച്ചു. സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
തുടര്‍ച്ചയായ രണ്ടു മരണങ്ങള്‍ തളര്‍ത്തിയ കുഞ്ഞിക്കണ്ണന്‍ കച്ചവടം മതിയാക്കിയെങ്കിലും ചീമേനി ടൗണില്‍ ഒരു ഷെഡ്ഡുകെട്ടി വീണ്ടുമൊരു ജീവിതത്തിലേക്ക് പിച്ചവെക്കുകയാണ്. വീട്ടില്‍ ചെറിയ ഒരു ജോലിയുമായി അച്ഛനോടൊപ്പം മകന്‍ മനോജും ഒപ്പം വിദ്യാര്‍ഥിനിയായ മകള്‍ മഞ്ജുഷയും.
ചുട്ടുപൊള്ളുന്ന ഉച്ചവെയില്‍ പിന്നിട്ട് ചീമേനിയുടെ പാറപ്പരപ്പിലെത്തുന്ന സായാഹ്നം സ്വച്ഛവും സുന്ദരവുമാണ്. എന്നാല്‍ വേദനിപ്പിക്കുന്ന ഓര്‍മകളിലാണ് കുഞ്ഞിക്കണ്ണന് ജീവിത സായാഹ്നം.'
കനമുള്ള നോട്ടങ്ങള്‍
മുതലമട പഞ്ചായത്തിനടുത്തുള്ള കൊല്ലങ്കോട് പഞ്ചായത്തിലെ ബംഗ്ലാവ് മേട്ടിലാണ് ശരണ്യയും (7) ജ്യേഷ്ഠന്‍ സഞ്ജുവും (14) താമസിക്കുന്നത്. വീട്ടിലെത്തുമ്പോള്‍ ശരണ്യയെ കുളിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അമ്മ രുഗ്മിണി. ഉടലിനേക്കാള്‍ വലിയ തലയുള്ള ശരണ്യക്ക്, ഇരിക്കാന്‍ വിഷമമാണ്. തലയുടെ ഭാരം ഉടലിന് താങ്ങാന്‍ പറ്റില്ല. അതുകൊണ്ട് കൈപൊട്ടിയ ഒരു കസേരയുടെ മേലെ ശരണ്യ ഇരിക്കുകയല്ല, കിടക്കുകയാണ്.
നാലു കുട്ടികളില്‍ മൂന്നാമത്തവളാണ് ശരണ്യ. രുഗ്മിണിയുടെ ആദ്യകുട്ടി സഞ്ജുവിനുമുണ്ട് പ്രശ്‌നം. ബുദ്ധിവികാസമില്ല. മകന്റെ പേരിലുള്ള വേദന തിന്ന് കഴിയുമ്പോഴാണ് വീണ്ടും വേദന നല്‍കാന്‍ കുഞ്ഞുശരണ്യ വരുന്നത്.
കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ചന്ദ്രന്‍ ലക്ഷദ്വീപിലാണ്. രോഗികളായ രണ്ടു കുട്ടികളെയും കൊണ്ട് ഉഴലുകയാണ് രുഗ്മിണി.'
ചെമ്മണാമ്പതി മാന്തോപ്പിനിടയിലൂടെ പോയാല്‍ ചുമട്ടുതൊഴിലാളിയായ മണിയുടെ വീട്ടിലെത്താം. ഈ വീട്ടിലാണ് ത്വക്‌രോഗിയായ ഒന്നര വയസ്സുള്ള ജയചന്ദ്രനുള്ളത്. മണി- സെല്‍മ ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയാണ് ജയചന്ദ്രന്‍. ആദ്യത്തെ കുട്ടി ഇതേപോലെ ത്വക്‌രോഗം ബാധിച്ച് മരിച്ചു. എത്രയോ തലമുറയായി ഈ മണ്ണില്‍ കഴിഞ്ഞു കൂടുന്നവരാണിവര്‍. അവരുടെ പരമ്പരയില്‍ ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥ മണിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
വേദന പകരുന്ന കണ്ണുകള്‍
പ്രകാശം പരത്തുന്ന കണ്ണുകളാണ് രഞ്ജിത (6) യുടേത്. സെറിബ്രല്‍ പാള്‍സിയാണ് അവളുടെ രോഗം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോട് വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രതികരിക്കാനാകാത്ത അവളുടെ കണ്ണുകളില്‍ എല്ലാമുണ്ട്. ബുദ്ധിയുള്ള കുട്ടിയാണവള്‍. ദുരിതമേഖലകളിലൂടെയുള്ള ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ ഏറ്റവും വേദന പകര്‍ന്ന മുഖങ്ങളിലൊന്ന്.
മകളെ പ്രസവിച്ചശേഷം അമ്മ ശുഭലക്ഷ്മി തോട്ടംപണി നിര്‍ത്തി. ഏലത്തോട്ടത്തിലായിരുന്നു പണി. കുഞ്ഞുരഞ്ജിത വയറ്റില്‍ കിടക്കുമ്പോള്‍ എട്ടുമാസംവരെ കീടനാശിനികള്‍ക്കിടയിലായിരു
ന്നു. ഭര്‍ത്താവ് കുമാരവേലുവിന് കൂലിപ്പണിയാണ്. രണ്ടാമത്തെ മകളാണ് രഞ്ജിത. എപ്പോഴും അവളെ നോക്കാന്‍ ഒരാള്‍ വേണം. റോഡിനോടു ചേര്‍ന്ന വീടിന്റെ ഒരു മുറി കൊച്ചുപീടികയാക്കി. ഇത്രയും കാലമായിട്ട് സര്‍ക്കാരില്‍ നിന്ന് ഈയിടെ 600 രൂപ പെന്‍ഷന്‍ വകയില്‍ കിട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ കണ്ണില്‍ അവള്‍ വെറുമൊരു വികലാംഗയാണ്. ശുഭലക്ഷ്മിയുടെ സഹോദരന്‍ അഴകുദുരൈ തോട്ടം തൊഴിലാളിയാണ്. വിവാഹം കഴിഞ്ഞ് ഒരു ദശകം പിന്നിട്ടു. ഇതുവരെ കുഞ്ഞുങ്ങളില്ല.'

ഒറ്റമുറിയിലെ രാജകുമാരി
മരിയ എസ്റ്റേറ്റ് കോളനിയിലെഗോവിന്ദരാജിന്റെയും വിജയമ്മയുടെയും മൂന്നുമക്കളില്‍ ഇളയവളാണ് രാജലക്ഷ്മി (15). തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നു വന്നവരാണിവര്‍. ഈ കട്ടിലിലാണ് രാജലക്ഷ്മിയുടെ ജീവിതം. ഈ വീടും അതിനകത്തെ മുറികളും മാത്രമാണ് അവളുടെ ലോകം.'
No comments:
Post a Comment